Saturday, 8 June 2013

കുറുംകവിതകള്‍ # 1



കാലപ്പഴക്കം
----------------------
ഉമ്മയുടെ ചുമലിലെ
തഴമ്പ് കണ്ടാലറിയാം
ഉപ്പ കൈവീശിപ്പോയ
കാലത്തിന്റെ പഴക്കം..!

കൂട്
---------
നിറയെ ചില്ലകളുള്ള
നിന്റെ പ്രണയത്തിൽ
ഞാനും ഒരു കൂട് പണിയട്ടെ...!

വീട്
-------
പണിയുമ്പോൾ
സ്ഥാനം നോക്കണം
അകം നിറയെ
സ്നേഹം നിറയാൻ...!

ചിരി
------------
നനഞ്ഞ ഓർമ്മകളെ
കാലത്തിന്റെ അയയിൽ
ഉണക്കാനിടുന്നു
ഒരു ചിരിയൻക്കാറ്റ്..!

മോഹം
----------------
ഞാനൊരു മരുഭൂമി
നീയൊരു മഴമേഘവും
പെയ്യാതെ മോഹിപ്പിക്കുന്നു..!

വിരഹം
--------------
പറഞ്ഞു വെച്ച അവസാന
മൂളലിലും, തിരിച്ചറിയുന്നുണ്ട്
പറയാത്ത വാക്കിന്റെ വിരഹം...!

നാക്ക്
-----------
ഉള്ളം നിറഞ്ഞവരെ
ശത്രുക്കളാക്കുവാൻ
ഉറയിൽ സൂക്ഷിക്കും വാൾ..!

ചങ്ങാതി
----------------
മിഴികളിൽ പുഞ്ചിരി നിറച്ച്
മൊഴികളിൽ തണൽ വിരിച്ച്
മൊഴിയാതെ മൊഴിയും
ചങ്ങാതി,
നീ എനിക്ക് കണ്ണാടിയെന്ന്...!


കടപ്പാട്
--------------
പെയ്ത മഴയിലേക്ക്‌
ഇനി എന്നാണ്
നമ്മൊളൊന്നു തിരിച്ചു പെയ്യുക..!

Thursday, 6 June 2013

ഹൈക്കു # 1



വീട് പണിയുമ്പോൾ കേൾക്കാം
കൂട് നഷ്ടപ്പെടുന്ന
പക്ഷികളുടെ കരച്ചിൽ.
-------------------------------

ഒരു കര തെളിയുമ്പോൾ
ഒരു പുഴ
മെലിയുകയാണ്
--------------------------

നീ എന്ന വിളക്കില്‍
എരിഞ്ഞോട്ടെ
ഞാന്‍ എന്ന ഇയ്യാംപാറ്റ.
----------------------------------

ഉണങ്ങിയ മരത്തിൽ
ഒരു മുല്ലപടർപ്പെന്നപോൽ നീ
എന്തിനാണ് എന്നിലേക്കിങ്ങനെ.
-------------------------------------------

നിന്റെ മാറാല പിടിച്ച
മനസൊന്നു വൃത്തിയാക്കുമ്പോൾ
തെളിഞ്ഞു വരും ഞാൻ എന്ന നീ.
-------------------------------------------

മുറിച്ചു നൽകിയ ചെവിയിൽ നിന്നും
ഇപ്പോഴും ഇറ്റുന്നുണ്ട്
നിന്നോടുള്ള മാരക പ്രണയം.
----------------------------------------

മരണമേ ചങ്ങാതി
നിന്നിലേക്കടുക്കുന്നു
ജീവിതമെന്ന ഞാൻ.
------------------------------------

നനഞ്ഞ ഓർമ്മകളെ
ഉണക്കാനിടുന്നു
ഒരു ചിരിയൻക്കാറ്റ്
--------------------------------------

രണ്ടക്ഷരത്തിന്‍റെ ഗര്‍വ്വല്ല
ഒരു വേലിക്കകത്തും
തളച്ചിടാനുമാവില്ല.

Monday, 27 May 2013

നാലു സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നു കാര്യമായ സിനിമ ചര്‍ച്ച നടത്തുകയാണങ്കില്‍
ഭൂലോകത്ത് ഇറങ്ങിട്ടുള്ള (കണ്ടിട്ടില്ലാത്ത,കേട്ടുകേള്‍വി മാത്രമുള്ള )ക്ലാസിക് സിമകളെ
കുറിച്ച് വാതോരാതെ സംസാരിക്കും.ഇത്തിരി താടിയുണ്ടങ്കില്‍,ആ ഊശാന്‍ താടിയില്‍
തിരിച്ചായിരിക്കും (കളിപ്പാട്ടം എന്ന സിനിമയിലെ സിദ്ദിക്കിന്റെ ശബ്ദവും വേഷവും ഓര്‍ക്കുക)
ഇവന്റെയൊക്കെ സംസാരം.ചുമ്മാ...വെറും ജാഡ,കള്ള ബടുക്കൂസുകള്‍.
ഇവിടെ മലയാളത്തില്‍ ഇറങ്ങീട്ടുള്ള എത്ര നല്ല സിനിമകള്‍ മലയാളിപ്രേക്ഷകര്‍ കാണാതെ
ചരമമടഞ്ഞു .എലിപത്തായം ,അനന്തരം,അമ്മ അറിയാന്‍ തുടങ്ങിയ അവാര്‍ഡു സിനിമകള്‍
എന്ന പഴികേട്ട സിനിമകളും അല്ലാത്ത സിനിമകളും കാണാതെ അല്ലങ്കില്‍ കണ്ടിട്ട് മനസിലാവാതെ,
(എനിക്ക് ഒട്ടും മനസിലായില്ല) ചപ്രാച്ചിയടിക്കുന്ന മലയാളിയുടെ ,നല്ലസിനിമകള്‍ ഇറങ്ങുന്നില്ല എന്ന
വിലാപം കേട്ട് സഹിക്കവയ്യാതരിക്കുമ്പോഴാണ് രഞ്ജിത്തിന്റെ പലേരി മാണിക്യം ഇറങ്ങിയതു.
നാട്ടില്‍ ഉണ്ടായ സമയമായതു കൊണ്ട് റിലീസിംഗ് ദിവസം തന്നെ പടം കണ്ടു.തിയ്യറ്ററില്‍ രതിനിര്‍വ്വേദത്തിന് ‍
ഉണ്ടായ പ്രേക്ഷകരുടെ പകുതിപോലും ഉണ്ടായിരുന്നില്ല.(രതിനി‍ര്‍വ്വേദത്തിലെ ശ്വേതലീലകള്‍ കണ്ടു
നയനസുഖം അനുഭവിക്കാന്‍ തന്നെയാണ് കൂടുതല്‍ പേരും, ഞാനും എത്തിയത് എന്ന കാര്യത്തില്‍
സംശയം അശേഷമില്ല) ജൂണ്‍ 24 ന് സംസ്ഥാനത്തെ 56 തിയ്യറ്ററുകളില്‍ റിലീസ് ചെയ്ത
ദേശിയ ബഹുമതികള്‍ വാരികൂടിയ ആദാമിന്റെ മകന്‍ അബുവും മലയാളി പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു
എന്നാണ് ഇന്നത്തെ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .പലയാളുകളുടെയും ഫേസ് ബുക്ക്‌
പ്രൊഫൈലിലെ ഇഷ്ട്ട സിനിമകള്‍ നോക്കിയാല്‍ Bahman gobadi ,mohsen makhmalbaf ,തുടങ്ങിയ
സിനിമ മേയ്ക്കര്‍മ്മാരുടെയും priates of the caribean ,akira kurosawa ,August rush തുടങ്ങിയ പേരുകള്‍
ഒക്കെ കാണാം .എന്നിട്ടും മലയാളത്തിലെ പാവം അബുവിനെ എല്ലാവരും ചേര്‍ന്ന് കബറടക്കി.

മഴമേഘങ്ങളെ അകലരുതേ



യാത്രയുടെ ക്ഷീണിതാവസ്ഥയിൽ കയ്യിലെ അവസാന തുള്ളി വെള്ളവും നാവിലിറ്റിച്ചു നടന്നു തീർക്കാനുള്ള ദൂരത്തെ ധ്യാനിച്ച്‌ അന്തവിശാലമാകാശത്തിലേയ്ക്ക് കൈകൾ ഉയർത്തി അയാൾ പ്രാർത്ഥന നിമഗ്നനായി.
കരുണാമയനായ ദൈവമേ, ഒരു കുഞ്ഞിളം കാൽ വെള്ളത്തിനായ്‌ ദാഹിച്ചു പിടഞ്ഞപ്പോൾ ചുട്ടുപഴുത്ത മണൽ തിട്ടയിൽ തന്റെ കുഞ്ഞുനിനു വേണ്ടി ഓടി തളർന്ന ഉമ്മയുടെ പ്രാർത്ഥനകൾക്കു മേൽ ഉറവ പൊട്ടാതരിക്കാനാവാതെ മഹാജലധിയായി തീർന്ന ആ മരുസ്മരണയിൽ നിന്നോട് തേടുകയാണ് നാഥാ....,
വെള്ളം...! നീ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ മഹാത്ഭുതം എന്റെ നാടിനു അന്യമാക്കല്ലേ. ജലചക്രത്തിന്റെ ചാക്രികക്രമം തെറ്റുമ്പോൾ ഞങ്ങളുടെ ജീവിതതാളവും നിലക്കുന്നു.

വരാൻ പോകുന്ന മഹായുദ്ധങ്ങൾ ഇന്ന് പാഴാക്കി കളയുന്ന ഓരോ തുള്ളിക്കും വേണ്ടി ആയിരിക്കുമെന്ന് പറഞ്ഞു കേൾക്കുമ്പോൾ ,യാ അള്ളാ... ഹൃദയം തകരുകയാണ്‌. സഹോദരങ്ങൾ തമ്മിൽ ചോര കുടിച്ചു ദാഹം മാറ്റുന്ന ഒരു കാലം നീ ഞങ്ങൾക്ക് മേൽ നിപതിക്കല്ലേ.

എന്റെ മുടിയിഴകളിൽ വാത്സല്യ വിരലുകൾ കൊണ്ട് തലോടി എന്റെ സഹോദരി പറയുമായിരുന്നു, ജലം എന്നുമവൾക്കൊരു അത്ഭുതമായിരുന്നെന്ന്..!

അഴുക്ക് നിറഞ്ഞതിനെയൊക്കെ വൃത്തിയാക്കുന്ന അതിന്റെ മഹാ കർമ്മത്തെ കുറിച്ച് ,

സകല ജീവ ജാലങ്ങളുടെയും ദാഹത്തെ ശമിപ്പിക്കുന്ന അതിന്റെ കാരുണ്യത്തെ കുറിച്ച്,

ഭക്ഷ്യവിളകൾക്കായി തുണ ചേരുന്നതിന്റെ ‌നന്മയെ കുറിച്ച്, കോടാനാകോടി ജലജീവികളെ പോറ്റുന്ന അതിന്റെ മാതൃത്വത്തെ കുറിച്ച്, അതില്ലായിരുന്നെങ്കിൽ ഈ ലോകമേ ഉണ്ടാകുമായിരുന്നില്ലെന്ന് അവൾ തോരാതെ പെയ്തു കൊണ്ടേ ഇരുന്നു.
പ്രകൃതിയോട് ചെയ്തു കൊണ്ടിരിക്കുന്ന കൊടും വികൃതികളിൽ മനനൊന്ത് നമ്മളിൽ നിന്നും മുറിഞ്ഞു പിടഞ്ഞ കാരുണ്യവും നന്മയും മാതൃസ്നേഹവും മഴമേഘങ്ങൾക്കൊപ്പം പിണങ്ങിയകന്നിരിക്കുന്നു...!

അദൃശ്യനായ ദൈവമേ, ജീവിതത്തിന്റെ കർമ്മങ്ങൾ മറന്നു പോയ നിന്റെയീ മുസാഫിറുകളെ നീ പരിക്ഷീണരാക്കരുതെ...,

മുറിച്ചു മാറ്റപ്പെട്ട മരങ്ങളെ നിങ്ങൾക്കു പകരം ഞങ്ങൾ ഇവിടെ തൈകൾ നാട്ടു പിടിപ്പിക്കാം. പക്ഷെ ... ഇടിച്ചു നിരത്തിയ കുന്നുകളെ മാപ്പ് ....

ഒപ്പിയെടുത്ത തണ്ണീർ തടങ്ങളെ മാപ്പ് ....! കോരിയെടുത്ത പുഴകളെ ,വെട്ടിയൊതുക്കിയ കാനനമേ...നികത്തിയ വയലേലകളെ മാപ്പ് ....! മഴമേഘങ്ങളെ അകലരുതേ ...!പിണങ്ങിപ്പിരിയാതെ നിറയണമേ അകങ്ങളിൽ പുറങ്ങളിൽ ....!!!

അയ്യപ്പന്‍

അയ്യപ്പാ ഇന്ന് നിന്‍റെ
ഓര്‍മ്മദിവസം ..!
മറന്നുപോകുന്നവരാണ്
പൊതുവേ ഞങ്ങള്‍ .
ചരിത്രം മറന്നവര്‍
സംസ്കാരം മറന്നവര്‍ !

അയ്യപ്പ നീ തന്ന കവിതയുടെ 
നെയ്യപ്പം തിന്ന് ലഹരി 
പിടിച്ച തലയില്‍ എണ്ണ
തേച്ചു കുളിച്ചു വൃത്തിയായി 
ഞങ്ങള്‍ മാന്യരായി നടക്കുന്നു.

നീ അഴുകിയ ആടകള്‍ 
ധരിച്ചു നടന്ന തെരുവീഥികളില്‍ 
ഞങ്ങള്‍ അടിവസ്ത്രം പുറത്തു 
കാണിച്ചു നടക്കുന്നു .
അലസമായ നിന്‍റെ മുടിയില്‍
കാറ്റ് തഴുകുമ്പോള്‍ 
കരന്‍റെടിച്ചവനെ പോലെ 
ഞങ്ങളുടെ മുടി ഉയര്‍ന്നു നില്‍ക്കുന്നു .

പക്ഷെ നിന്‍റെ നെഞ്ചില്‍ 
ഉണ്ടായിരുന്നതൊന്നും
ഞങ്ങളുടെ നെഞ്ചില്‍, ഇല്ലല്ലോ അയ്യപ്പാ !
നീ കാട്ടിലും കടലോരത്തും ഇരുന്നു 
അകം പുകഞ്ഞു കവിത എഴുതിയവന്‍ ..!

ഞങ്ങള്‍ സ്വന്തം ഫ്ലാറ്റുകളിലും 
കമ്പ്യൂട്ടറുകളിലും ഇരുന്നു കവിത
തിരഞ്ഞു മുഷിയുന്നവര്‍ !
മുക്തമാം ചന്ദസും 
മുറിഞ്ഞ താളം പോലുമില്ലാതെ ,
നിയ്ക്ക് വേണ്ടി രണ്ടു വരി കുറിക്കണം 
എന്നുണ്ട് .
പക്ഷെ, കപടരുടെ അനുസ്മരണം 
നിന്നെ അസ്വസ്തനാക്കും !

മരിച്ചവരുടെ ചങ്ങാതി ,
വഴിച്ചെടിയില്‍ വെയില്‍പൊട്ടിച്ച
ഒരു ഫലം പൊട്ടിച്ച് തിന്നു 
ഞങ്ങളും നടന്നു നീങ്ങട്ടെ ...!!!