യാത്രയുടെ ക്ഷീണിതാവസ്ഥയിൽ കയ്യിലെ അവസാന തുള്ളി വെള്ളവും നാവിലിറ്റിച്ചു നടന്നു തീർക്കാനുള്ള ദൂരത്തെ ധ്യാനിച്ച് അന്തവിശാലമാകാശത്തിലേയ്ക്ക് കൈകൾ ഉയർത്തി അയാൾ പ്രാർത്ഥന നിമഗ്നനായി.
കരുണാമയനായ ദൈവമേ, ഒരു കുഞ്ഞിളം കാൽ വെള്ളത്തിനായ് ദാഹിച്ചു പിടഞ്ഞപ്പോൾ ചുട്ടുപഴുത്ത മണൽ തിട്ടയിൽ തന്റെ കുഞ്ഞുനിനു വേണ്ടി ഓടി തളർന്ന ഉമ്മയുടെ പ്രാർത്ഥനകൾക്കു മേൽ ഉറവ പൊട്ടാതരിക്കാനാവാതെ മഹാജലധിയായി തീർന്ന ആ മരുസ്മരണയിൽ നിന്നോട് തേടുകയാണ് നാഥാ....,
വെള്ളം...! നീ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ മഹാത്ഭുതം എന്റെ നാടിനു അന്യമാക്കല്ലേ. ജലചക്രത്തിന്റെ ചാക്രികക്രമം തെറ്റുമ്പോൾ ഞങ്ങളുടെ ജീവിതതാളവും നിലക്കുന്നു.
വരാൻ പോകുന്ന മഹായുദ്ധങ്ങൾ ഇന്ന് പാഴാക്കി കളയുന്ന ഓരോ തുള്ളിക്കും വേണ്ടി ആയിരിക്കുമെന്ന് പറഞ്ഞു കേൾക്കുമ്പോൾ ,യാ അള്ളാ... ഹൃദയം തകരുകയാണ്. സഹോദരങ്ങൾ തമ്മിൽ ചോര കുടിച്ചു ദാഹം മാറ്റുന്ന ഒരു കാലം നീ ഞങ്ങൾക്ക് മേൽ നിപതിക്കല്ലേ.
എന്റെ മുടിയിഴകളിൽ വാത്സല്യ വിരലുകൾ കൊണ്ട് തലോടി എന്റെ സഹോദരി പറയുമായിരുന്നു, ജലം എന്നുമവൾക്കൊരു അത്ഭുതമായിരുന്നെന്ന്..!
അഴുക്ക് നിറഞ്ഞതിനെയൊക്കെ വൃത്തിയാക്കുന്ന അതിന്റെ മഹാ കർമ്മത്തെ കുറിച്ച് ,
സകല ജീവ ജാലങ്ങളുടെയും ദാഹത്തെ ശമിപ്പിക്കുന്ന അതിന്റെ കാരുണ്യത്തെ കുറിച്ച്,
സകല ജീവ ജാലങ്ങളുടെയും ദാഹത്തെ ശമിപ്പിക്കുന്ന അതിന്റെ കാരുണ്യത്തെ കുറിച്ച്,
ഭക്ഷ്യവിളകൾക്കായി തുണ ചേരുന്നതിന്റെ നന്മയെ കുറിച്ച്, കോടാനാകോടി ജലജീവികളെ പോറ്റുന്ന അതിന്റെ മാതൃത്വത്തെ കുറിച്ച്, അതില്ലായിരുന്നെങ്കിൽ ഈ ലോകമേ ഉണ്ടാകുമായിരുന്നില്ലെന്ന് അവൾ തോരാതെ പെയ്തു കൊണ്ടേ ഇരുന്നു.
പ്രകൃതിയോട് ചെയ്തു കൊണ്ടിരിക്കുന്ന കൊടും വികൃതികളിൽ മനനൊന്ത് നമ്മളിൽ നിന്നും മുറിഞ്ഞു പിടഞ്ഞ കാരുണ്യവും നന്മയും മാതൃസ്നേഹവും മഴമേഘങ്ങൾക്കൊപ്പം പിണങ്ങിയകന്നിരിക്കുന്നു...!
അദൃശ്യനായ ദൈവമേ, ജീവിതത്തിന്റെ കർമ്മങ്ങൾ മറന്നു പോയ നിന്റെയീ മുസാഫിറുകളെ നീ പരിക്ഷീണരാക്കരുതെ...,
മുറിച്ചു മാറ്റപ്പെട്ട മരങ്ങളെ നിങ്ങൾക്കു പകരം ഞങ്ങൾ ഇവിടെ തൈകൾ നാട്ടു പിടിപ്പിക്കാം. പക്ഷെ ... ഇടിച്ചു നിരത്തിയ കുന്നുകളെ മാപ്പ് ....
ഒപ്പിയെടുത്ത തണ്ണീർ തടങ്ങളെ മാപ്പ് ....! കോരിയെടുത്ത പുഴകളെ ,വെട്ടിയൊതുക്കിയ കാനനമേ...നികത്തിയ വയലേലകളെ മാപ്പ് ....! മഴമേഘങ്ങളെ അകലരുതേ ...!പിണങ്ങിപ്പിരിയാതെ നിറയണമേ അകങ്ങളിൽ പുറങ്ങളിൽ ....!!!
No comments:
Post a Comment